ന്യൂയോർക്ക്: അമേരിക്കൻ സേന തട്ടിക്കൊണ്ടുവന്നു ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിഷേധിച്ചു. മഡുറോയ്ക്കൊപ്പം കോടതിയിലെത്തിച്ച പത്നി സീലിയ ഫ്ലോറസും കുറ്റങ്ങൾ നിഷേധിച്ചു.
തടവുപുള്ളികളുടെ വേഷം ധരിപ്പിച്ചും ചങ്ങലയിൽ ബന്ധിച്ചുമാണു വെനസ്വേലൻ പ്രസിഡന്റിനെ ന്യൂയോർക്ക് ഫെഡറൽ കോടതിയിലെത്തിച്ചത്. ജഡ്ജി ആൽവിൻ ഹാളർസ്റ്റെയിൻ മഡുറോയ്ക്കും സീലിയയ്ക്കും എതിരായ കുറ്റങ്ങൾ വായിച്ചുകേൾപ്പിച്ചു.
“ഞാൻ നിരപരാധിയാണ്. ഇവിടെ പറഞ്ഞിട്ടുള്ള ഒന്നിലും ഞാൻ കുറ്റക്കാരനല്ല. ഞാൻ നല്ല മനുഷ്യനാണ്, എന്റെ രാജ്യത്തിന്റെ പ്രസിഡന്റാണ്”- മഡുറോ ദ്വിഭാഷിയുടെ സഹായത്തോടെ കോടതിയിൽ പറഞ്ഞു. പൂർണ നിരപരാധിയാണെന്നു സീലിയ ഫ്ലോറസും പറഞ്ഞു. കേസിൽ അടുത്ത വാദം നടക്കുന്ന മാർച്ച് 17 വരെ വെനസ്വേലൻ പ്രസിഡന്റിനെയും പത്നിയെയും തടവിൽ സൂക്ഷിക്കാൻ ജഡ്ജി ഉത്തരവിട്ടു.
മഡുറോയ്ക്കും സീലിയയ്ക്കും എതിരേ ചുമത്തിയ 25 പേജുള്ള കുറ്റപത്രം പുറത്തുവിട്ടിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ച മഡുറോ അമേരിക്കയിലേക്കു ടൺ കണക്കിനു കൊക്കെയ്ൻ കയറ്റി അയയ്ക്കാൻ സഹായം നല്കിയെന്നതാണു പ്രധാന കുറ്റം. മയക്കുമരുന്നുകടത്തിന് തടസം നിന്നവരെയും പണം നല്കാനുള്ളവരെയും തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തിയെന്ന ആരോപണവുമുണ്ട്. തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ കേസ് വാദിച്ച ബാരി ജോയൽ പൊള്ളാക്ക് ആണ് മഡുറോയുടെ അഭിഭാഷകൻ. ബാരിയെ മഡുറോ അഭിഭാഷകനായി തെരഞ്ഞെടുത്തുവെന്നാണു കോടതി രേഖകളിൽ പറയുന്നത്.
മഡുറോയെ അമേരിക്കൻ പട്ടാളം തട്ടിക്കൊണ്ടുവന്നതാണെന്നും മറ്റൊരു രാജ്യത്തിന്റെ ഭരണാധിപൻ എന്ന നിലയിൽ അദ്ദേഹത്തിനു വിചാരണാ നടപടികളിൽനിന്നു നിയമസംരക്ഷണം ഉണ്ടെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുണ്ട്. മഡുറോയുടെ കേസിൽ ഈ വാദത്തിലൂന്നിയായിരിക്കും അഭിഭാഷകൻ തുടർന്നും വാദം നടത്തുകയെന്നാണു സൂചന.
അതേസമയം, 2024ലെ വെനസ്വേലൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഡുറോയുടെ ജയം അംഗീകരിക്കാൻ അമേരിക്ക തയാറാകാത്തതിനാൽ ഈ വാദം നിലനിൽക്കാൻ സാധ്യതയില്ല.
1990ൽ അമേരിക്കൻ സേന തട്ടിക്കൊണ്ടുവന്ന പാനമാ പട്ടാള മേധാവി മാനുവേൽ നൊരിയേഗയും അമേരിക്കൻ കോടതിയിൽ അഭിഭാഷകനെ വച്ചു കേസ് വാദിച്ചെങ്കിലും ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെടുകയാണുണ്ടായത്.